ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൂടരഞ്ഞിയില്‍ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബര്‍ 24 ന് ആണ്. പനക്കച്ചാല്‍ മലമുകളിലും മറ്റും അതിനു മുമ്പ് ആദിവാസികള്‍ അധിവസിച്ചിരുന്നു. കൂടരഞ്ഞിയുടെ കുടിയേറ്റ ചരിത്രം സാഹസികരും, ദൃഢചിത്തരും ത്യാഗികളുമായ ഒരു ജനതയുടെ ആവേശം ജനിപ്പിക്കുന്ന കഥയാണ്. ഇരുവഞ്ഞിപ്പുഴയോട് കൂടിച്ചേരുന്ന പുഴയുടെ നീര്‍തടപ്രദേശമായ കൂടരഞ്ഞിയുടെ പേര്‍ വന്നത് അങ്ങനെയാണെന്ന് പഴമക്കാര്‍ പറയുന്നു. 1948-ല്‍ 125 ഓളം കുടുംബങ്ങള്‍ കൂടരഞ്ഞി പ്രദേശത്ത് താമസിച്ചിരുന്നതായി ലഭ്യമായ രേഖകളില്‍ കാണുന്നു. കുടിയേറ്റത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കര്‍ഷകര്‍ മരക്കൊമ്പുകളിലുള്ള ഏറുമാടങ്ങളില്‍ താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചും ജീവിത പോരാട്ടം തുടര്‍ന്നു. ആദ്യകാലത്ത് കര്‍ഷകരെ ജോലിക്ക് സഹായിച്ചിരുന്നത് മുക്കം, കുന്ദമംഗലം, അരീക്കോട്  പ്രദേശങ്ങളിലെ കര്‍ഷക തൊഴിലാളികളായിരുന്നു. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കര്‍ഷകത്തൊഴിലാളികള്‍ കൂടരഞ്ഞിയുടെ കാര്‍ഷിക പുരോഗതിക്ക് ആക്കം കൂട്ടി. ചിറ്റൂര്‍ തുടങ്ങിയ പാലക്കാടന്‍ പ്രദേശങ്ങളില്‍ നിന്ന് തൊഴിലാളികള്‍ എത്തിത്തുടങ്ങി. 1948-ല്‍ കുടിയേറ്റ കര്‍ഷകര്‍ ഒത്തുചേര്‍ന്ന് നിര്‍മ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യാനോസിന്റെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം. 1962-ല്‍ കൂടരഞ്ഞി ഹൈസ്ക്കൂള്‍ ആരംഭിക്കുകയും, 1968-ല്‍ കൂടരഞ്ഞി സര്‍വ്വീസ് സൊസൈറ്റി സര്‍വ്വീസ് സഹകരണ ബാങ്കായി ഉയര്‍ത്തുകയും ചെയ്തു. 1970-72 കാലഘട്ടത്തില്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തി. പഞ്ചായത്തില്‍ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സര്‍വ്വീസ് ആരംഭിച്ചു. ഉരുള്‍പൊട്ടല്‍, ശക്തിയായ കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ മനുഷ്യനും കൃഷിക്കും ഇടക്കിടെ നാശം വിതച്ചിട്ടുണ്ട്. തമ്പുരാന്‍ കൊല്ലി മലയിടിച്ചിലും, നാലുപേരുടെ ജീവന്‍ അപഹരിച്ച 1991-ലെ പെരുമ്പുള ഉരുള്‍പൊട്ടലും, ഒരാളുടെ ജീവന്‍ അപഹരിച്ച 88-ലെ സ്രാമ്പി ഉരുള്‍പൊട്ടലും  പഞ്ചായത്തിന്റെ ചരിത്രത്തിലെ മങ്ങാത്ത മുറിവുകളാണ്. മുമ്പ് വനഭൂമിയായിരുന്ന ഈ പ്രദേശം വെട്ടിത്തെളിച്ച്  നെല്ലും മരച്ചീനിയും കൃഷി ചെയ്തു. കൂടാതെ മുരിക്കിന്‍ കാലുകള്‍ നാട്ടി കുരുമുളകും തെങ്ങ്, പ്ളാവ് തുടങ്ങിയവയും കൃഷി ചെയ്തു. ചിലയിടങ്ങളില്‍ ഒന്നാ രണ്ടോ വിളവെടുപ്പിനുശേഷം ഇഞ്ചിപ്പുല്‍ കൃഷിക്കും പ്രചാരം ലഭിച്ചു. രാമച്ചകൃഷി 1960-കളില്‍ വലിയ പ്രചാരം നേടി. അമ്പതുകളുടെ ഒടുവിലും അറുപതുകളിലും ഗ്രാമത്തിലെ കൃഷിക്കാരുടെ പ്രധാന വരുമാനമാര്‍ഗ്ഗം പുല്‍ത്തൈലം, കുരുമുളക് എന്നിവയില്‍  നിന്നുമായിരുന്നു. 1946 മുതല്‍ കൂടരഞ്ഞി പ്രദേശത്ത് സ്ഥിരവാസമുറപ്പിച്ച കുടിയേറ്റക്കാര്‍ സ്ഥാപിച്ച സെന്റ് സെബാസ്റ്റ്യന്‍സ് എലിമെന്ററി സ്കൂളാണ് കൂടരഞ്ഞിയിലെ ആദ്യത്തെ വിദ്യാലയം. കൂമ്പാറയില്‍ ആദിവാസികള്‍ക്കുവേണ്ടി 1961-ല്‍ സ്ഥാപിച്ച ഗവ.ട്രൈബല്‍ സ്കൂളാണ് കൂടരഞ്ഞി പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയം. ആദിവാസികള്‍ അധികവും താമസിക്കുന്നത് കക്കാടം പൊയില്‍ പ്രദേശത്താണ്. പുതിയൊരു ഗവ.എല്‍.പി.സ്കൂള്‍ കക്കാടം പൊയില്‍ ഇവിടുത്തെ നിവാസികള്‍ക്ക് ലഭിക്കുകയുണ്ടായി. 1970-നു ശേഷം വന്ന ഗവണ്‍മെന്റിന്റെ നിയമമനുസരിച്ച് സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചപ്പോള്‍ പൂവാറംതോട്ടിലും, മഞ്ഞക്കടവിലും ഓരോ ഗവ.എല്‍.പി.സ്കൂളുകള്‍ ലഭിക്കുകയുണ്ടായി.  സര്‍ക്കാര്‍ നയത്തില്‍ വീണ്ടും മാറ്റം വന്നപ്പോള്‍  സ്വകാര്യ മേഖലയില്‍ കൂടരഞ്ഞി പ്രദേശത്ത്  വിദ്യാലയങ്ങളുണ്ടായി.  1946-ല്‍ കുടിയേറ്റ കര്‍ഷകര്‍ താമസം തുടങ്ങിയ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം 1971 ഡിസംബറില്‍ ആദ്യമായി വൈദ്യുതി എത്തി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലേക്കാണ് ആദ്യത്തെ കണക്ഷന്‍ നല്‍കിയത്. ഇവിടുത്തെ ജനങ്ങളില്‍ മുസ്ളീങ്ങള്‍, ഹിന്ദുക്കള്‍ എന്നിവരെ അപേക്ഷിച്ച് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ കൂടുതലാണ്. കൂടരഞ്ഞിപള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാള്‍  പ്രസിദ്ധമാണ്. മലബാര്‍ കുടിയേറ്റ മേഖലകളില്‍ ഏറ്റവും അധികം നാനാജാതി മതസ്ഥര്‍ ഒത്തുചേരുന്നതും ജനുവരി 16 മുതല്‍ 20 വരെ നടക്കുന്ന കൂടരഞ്ഞിപള്ളി തിരുനാളിലാണ്. കൂടാതെ ശ്രീപോര്‍ക്കലി ഭഗവതിക്ഷേത്രത്തിലെ ഉത്സവം, ബാലഗോകുലം ശോഭയാത്ര, അയ്യപ്പന്‍ വിളക്ക് തുടങ്ങിയവ എല്ലാ വര്‍ഷവും നടത്തിവരുന്നു. എല്ലാ മുസ്ളീം മഹല്ലുകളുടേയും നേതൃത്വത്തില്‍ നബിദിനം സമുചിതമായി ആഘോഷിച്ചുവരുന്നു. എല്ലാ മതവിഭാഗങ്ങളുടേയും ആഘോഷപരിപാടികളില്‍ ജാതിമതചിന്തക്കതീതമായ അന്യോന്യ സഹകരണം ഉണ്ട്.